മാലിന്യങ്ങളുടെ സ്വന്തംനാട്
കെ. ശ്രീകുമാര്‍
വേണ്ടത് ജനകീയ ബദല്‍
മലിനീകരണങ്ങള്‍ മനഃപൂര്‍വം കുറയ്ക്കുകയാണ് മാലിന്യപ്രശ്‌നം കൂടുതല്‍ രൂക്ഷമാകാതിരിക്കാനുള്ള മാര്‍ഗം. ജീവിതശൈലിയില്‍ വന്ന മാറ്റങ്ങള്‍ ജൈവമാലിന്യങ്ങളെക്കാള്‍ അജൈവ മാലിന്യങ്ങള്‍ സൃഷ്ടിക്കുന്നു. 'ഗാര്‍ബേജ് മാഫിയ' എന്നുവരെ വിളിക്കാവുന്ന ഒരു കൂട്ടര്‍ പ്രശ്‌നത്തെ ഊതിപ്പെരുപ്പിച്ച് ജനങ്ങളുടെ സ്വസ്ഥത കെടുത്തുന്നു. കരാര്‍ തുക കുറഞ്ഞുപോയെന്ന കാരണംപറഞ്ഞ് കോഴിക്കോട്ടെ മുന്തിയ ഹോട്ടലിലെ കക്കൂസ് മാലിന്യങ്ങളും 'ഫ്രൈഡ് ചിക്കന്‍ കേന്ദ്ര'ത്തിലെ അവശിഷ്ടങ്ങളും നടുറോഡില്‍ വിതറിയിട്ട് അധികകാലമായിട്ടില്ല. തമിഴ്‌നാട്ടിലെയും മറ്റും മാലിന്യസംസ്‌കരണ കേന്ദ്രങ്ങളില്‍ എത്തിക്കാനായി നഗരസഭകളുമായി കരാറുണ്ടാക്കി അതിര്‍ത്തിയിലെ ഒഴിഞ്ഞസ്ഥലത്തോ പുഴയിലോ തള്ളി മടങ്ങുന്നവരും ഈ മാഫിയയുടെ ഭാഗം തന്നെ.
വേണ്ടത് ജനകീയ ബദലാണ്. സമൂഹത്തെ പെട്ടെന്ന് ബോധവത്കരിച്ചുകളയാമെന്ന മോഹം അസ്ഥാനത്താണ്. ഒറ്റയൊറ്റ വീടുകളായോ ഏതാനും വീടുകളുടെ കൂട്ടായ്മയായോ ചെറുഗ്രാമം ഒന്നായെടുത്തോ നടത്തുന്ന ബോധവത്കരണം ഭാവിയില്‍ നാടെങ്ങും വ്യാപിച്ച് മാറ്റമുണ്ടാക്കിയേക്കാം. 'സീഡി'ന്റെ ഭാഗമായി 'മാതൃഭൂമി' ആവിഷ്‌കരിച്ച 'ലവ് പ്ലാസ്റ്റിക്' പദ്ധതി ഇത്തരത്തിലുള്ള ഒന്നാണ്. പ്ലാസ്റ്റിക്കിനെ വലിച്ചെറിയുകയല്ല, ശാസ്ത്രീയമായി സംസ്‌കരിക്കുകയാണ് വേണ്ടതെന്ന അവബോധമാണ് ഇത് ഉണ്ടാക്കിയത്.
''മാലിന്യങ്ങള്‍ ബണ്ടിലാക്കി സൂക്ഷിക്കാന്‍ താത്പര്യമുള്ളവരില്‍നിന്നും ടെന്‍ഡര്‍ വിളിച്ചുകൊണ്ടുള്ള'' ശുചിത്വ മിഷന്റെ പരസ്യംവന്നിട്ട് അധികകാലമായില്ല. മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കേണ്ടതിനുപകരം അവ കെട്ടി സൂക്ഷിക്കാനുള്ള ഒരു ശ്രമം. ഇവിടെ വേണ്ടത് ഇവിടത്തെ കാലാവസ്ഥയ്ക്ക് അനുയോജ്യമായരീതികളാണ്. എന്നാല്‍ നമ്മള്‍ ഇത് പഠിക്കാന്‍ പോകുന്നത് പാശ്ചാത്യ രാജ്യങ്ങളിലേക്കും.
നഗരങ്ങളിലെ മാലിന്യനിര്‍മാര്‍ജനത്തിന് നൂറ്റിയിരുപതു കോടിയോളം രൂപ നീക്കിവെച്ചിട്ടുണ്ട്. ഇതില്‍ പതിനഞ്ച് ശതമാനം വിദ്യാഭ്യാസ-ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കാണ്. എന്നാല്‍, ഇവിടെയത് നടക്കുന്നതേയില്ലെന്ന് ശുചിത്വമിഷന്റെ തൃശ്ശൂര്‍ ജില്ലാ മുന്‍ കോ-ഓഡിനേറ്റര്‍ സി. ചന്ദ്രബാബു പറയുന്നു. ബോധവത്കരണത്തോടൊപ്പം തന്നെ അവരുടെ സംശയങ്ങള്‍ തീര്‍ത്തുകൊടുക്കാനും അധികൃതര്‍ ശ്രദ്ധിക്കണം. താരതമ്യേന ചെലവുകുറഞ്ഞ പൈപ്പ് കമ്പോസ്റ്റിങ്ങും ചെലവ് അല്പം കൂടിയ ബയോഗ്യാസ് പ്ലാന്റും സംബന്ധിച്ച് ജനങ്ങള്‍ക്ക് സംശയങ്ങളുണ്ടാവാം.
കുറച്ചുമാത്രം സ്ഥലമുള്ളവര്‍ക്കും ഫ്ലാറ്റില്‍ ജീവിക്കുന്നവര്‍ക്കും എളുപ്പം നടപ്പാക്കാവുന്ന രീതിയാണ് പൈപ്പ് കമ്പോസ്റ്റിങ്. എന്നാല്‍ അതിനും ശരിയായ മാര്‍ഗനിര്‍ദേശം വേണം. അതിനുള്ള സൗകര്യം ഇന്ന് പലര്‍ക്കുമില്ല. അതിനായി നഗരസഭകളോ ശുചിത്വമിഷനോ സര്‍ക്കാരോ വിവിധ സ്ഥലങ്ങളില്‍ ഓഫീസുകളോ ഹെല്‍പ്പ്‌ലൈനോ തുടങ്ങേണ്ടതാണ്. അമ്പതുലക്ഷം രൂപ വരെ സമ്മാനത്തുകയുള്ള 'നിര്‍മല്‍ അവാര്‍ഡി'ന് അര്‍ഹമാകുന്ന തദ്ദേശ സ്ഥാപനങ്ങള്‍ ആ തുക കൂടുതല്‍ ഖരമാലിന്യ പദ്ധതികള്‍ ആവിഷ്‌കരിക്കാനാണ് ഉപയോഗിക്കേണ്ടത്. എന്നാല്‍, ഇതറിയാതെ തുക വകമാറ്റിയസ്ഥാപനങ്ങള്‍ എത്രയെങ്കിലുമുണ്ട്. അവിടെയും ശരിയായ മാര്‍ഗനിര്‍ദേശം വേണം. ജനകീയ ബദലിന്റെ പാഠങ്ങള്‍ തുടങ്ങാന്‍ ഏറ്റവും ഉചിതം വിദ്യാലയങ്ങളിലെ ശാസ്ത്ര-പരിസ്ഥിതി ക്ലബ്ബുകളാണ്. സന്നദ്ധ-സാംസ്‌കാരിക സംഘടനകള്‍ക്കും പിന്തുടരാവുന്നതാണ് ഈ പാത.
ശാസ്ത്രസാഹിത്യ പരിഷത്തും ഐ.ആര്‍.ടി.സി.യും
മാലിന്യ സംസ്‌കരണത്തിന്റെ സാധ്യതകളും മാര്‍ഗങ്ങളും കണ്ടെത്തി നടപ്പാക്കുന്നതില്‍ മുന്‍പന്തിയിലുള്ളത് കേരള ശാസ്ത്ര സാഹിത്യ പരിഷത്താണ്. ഇതില്‍ ഒരു ജനകീയ സംരംഭമായി പരിഷത്തിന്റെ 'ഇന്റഗ്രേറ്റഡ് റൂറല്‍ ടെക്‌നോളജി സെന്റര്‍' (ഐ.ആര്‍.ടി.സി) എന്ന ഏജന്‍സി പ്രവര്‍ത്തിക്കുന്നു. പാലക്കാട് ജില്ലയിലെ മുണ്ടൂരിലാണ് ഐ.ആര്‍.ടി.സി. കാമ്പസ്. ലാഭേച്ഛയല്ല, സമൂഹത്തെ ബാധിക്കുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണലാണ് ഏജന്‍സിയുടെ ഉദ്ദേശ്യമെന്ന് ഐ.ആര്‍.ടി.സി. മാലിന്യ സംസ്‌കരണ വിഭാഗം തലവന്‍ രഘുനന്ദനന്‍ പറയുന്നു. 1986 ലാണ് മുണ്ടൂരില്‍ ഐ.ആര്‍.ടി.സി. നിലയില്‍ വന്നത്. രണ്ടു വര്‍ഷത്തിനുശേഷം ഊര്‍ജവിഭാഗവും തുടങ്ങി.
മാലിന്യപ്രശ്‌നത്തെക്കുറിച്ചുള്ള ആലോചനയാണ് ആദ്യമുണ്ടായത്. അതുവരെ പുക കുറഞ്ഞ, ക്ഷമതകൂടിയ അടുപ്പും ചെലവുകുറഞ്ഞ കെട്ടിട നിര്‍മാണവുമായിരുന്നു ഊര്‍ജ വിഭാഗത്തിന്റെ ആദ്യ പദ്ധതി. എന്നാല്‍, ജൈവവസ്തുക്കളില്‍ നിന്ന് ജൈവവാതകമെന്ന രണ്ടാമത്തെ പദ്ധതി ഗൗരവമേറിയതായി. ജൈവവസ്തുക്കളില്‍ നിന്നുള്ള മീഥെയിന്‍ വാതകംകൊണ്ട് പാചകം സാധ്യമാക്കുന്ന പദ്ധതി 1988-ല്‍ ഐ.ആര്‍.ടി.സി. ഏറ്റെടുത്തു. അതിന്റെ പ്രായോഗികരൂപം പൂര്‍ണമായി നേടാനാവാത്തതിനാല്‍ മൂന്നുവര്‍ഷം തികയും മുമ്പേ പദ്ധതി നിലച്ചു. അതിനിടെ വള നിര്‍മാണത്തില്‍ ഐ.ആര്‍.ടി.സി. ഇന്‍ഡോര്‍, ബാംഗ്ലൂര്‍ മാതൃകകള്‍ കൊണ്ടുവന്നു. കുഴികമ്പോസ്റ്റിങ്ങും കൂനകമ്പോസ്റ്റിങ്ങുമായിരുന്നു ആദ്യം. ജനകീയാസൂത്രണത്തിന്റെ തുടക്കകാലത്ത് കല്യാശ്ശേരി പഞ്ചായത്തിനുവേണ്ടി ഐ.ആര്‍.ടി.സി. കാമ്പസില്‍ 'വെര്‍മി കമ്പോസ്റ്റിങ്ങും' നടത്തി.
തുടര്‍ന്നാണ് ചെറിയപ്രദേശങ്ങളില്‍ ചെറുകിട കമ്പോസ്റ്റിങ് പ്രവര്‍ത്തനം ഡോ. ആര്‍.വി.ജി. മേനോന്റെയും മറ്റും നിര്‍ദേശപ്രകാരം ഐ.ആര്‍.ടി.സി. ഏറ്റെടുക്കുന്നത്. 2000 മുതല്‍ മൂന്നുവര്‍ഷം ഇത്തരം യൂണിറ്റുകള്‍ ഏറ്റെടുത്തു നടത്തി. മണംപോകാന്‍ കമ്പോസ്റ്റ് കുറച്ചുദിവസം മൂടിയിടുക തുടങ്ങിയ പുതിയപാഠങ്ങള്‍ ഈ കാലത്ത് കണ്ടെത്തി. അകത്തേത്തറ, മേത്തല പഞ്ചായത്തുകളിലാണ് ഇതാദ്യം നടപ്പാക്കിയത്. പ്ലാന്റ് നിര്‍മാണത്തില്‍ നേരിട്ട് പങ്കെടുക്കാതെ മേല്‍നോട്ടവും പരിശീലനവും നല്‍കുകയാണ് ഐ.ആര്‍.ടി.സി. ചെയ്തത്. 2002-'03 കാലത്ത് ഐ.ആര്‍.ടി.സി. ബയോഗ്യാസ് പ്ലാന്റുകള്‍ കൊണ്ടുവന്നു. അതുവരെയുണ്ടായിരുന്ന പ്ലാന്റുകളില്‍നിന്നും വേറിട്ട രൂപകല്പനയായിരുന്നു അവയുടേത്. പ്ലാന്റിലെ മാലിന്യം പുറത്തുകാണാത്ത ഡിസൈനാണ് അതിലൊന്ന്.
തുടര്‍ന്ന് വിവിധ അളവില്‍ മാലിന്യങ്ങള്‍ സംസ്‌കരിക്കാവുന്ന ബയോഗ്യാസ് പ്ലാന്റുകള്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ സ്ഥാപിക്കാനും ഐ.ആര്‍.ടി.സി. മുന്‍കൈയെടുത്തു. കോഴിക്കോട്ട് 42 ഉം തൃശ്ശൂരില്‍ 31 ഉം എറണാകുളത്ത് 25 ഉം പ്ലാന്റുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. ഇതിന്റെ ശാസ്ത്രവും മാലിന്യത്തെക്കുറിച്ചുള്ള അവബോധവും കുട്ടികള്‍ക്ക് പകര്‍ന്നുനല്‍കാനുള്ള ശ്രമവുമുണ്ട്. പ്ലാന്റ് സ്ഥാപിച്ചു കഴിഞ്ഞാല്‍ അതിന്റെ ചുമതല ശാസ്ത്ര-പരിസ്ഥിതി ക്ലബ്ബുകള്‍ക്കും കുട്ടികള്‍ക്കുമായിരിക്കും. അവര്‍ തന്നെ പ്ലാന്റില്‍ മാലിന്യം നിക്ഷേപിക്കുകയും ഉണ്ടാകുന്ന മാലിന്യത്തിന്റെ അളവ് നിരീക്ഷിക്കുകയും ചെയ്യും. വാതകം വിദ്യാലയത്തിലെ പാചകത്തിന് ഉപയോഗിക്കുന്നു. പഞ്ചായത്തുകളിലും മറ്റും സ്ഥാപിക്കുന്ന പ്ലാന്റില്‍ ആറുമാസത്തെ സൗജന്യസേവനവും ഐ.ആര്‍.ടി.സി. വാഗ്ദാനം ചെയ്യുന്നുണ്ട്.
ശുചിത്വ കൂട്ടായ്മകളും വ്യാപകമായ ബോധവത്കരണവും നടത്തി പരിഷത്തും ഐ.ആര്‍.ടി.സി.യും ചരിത്രം രചിക്കുന്നു. ആയിരം വീടുകളെ ഒരു യൂണിറ്റായിക്കണ്ട് സര്‍വേയും ബോധവത്കരണവും നടത്തുകയാണിവിടെ. സപ്തംബര്‍ 28 മുതല്‍ 30 വരെ ഐ.ആര്‍.ടി.സി. കാമ്പസില്‍ ഇത്തരം ശുചിത്വ കൂട്ടായ്മകള്‍ നടന്നു.
കൂട്ടായ്മയിലെ അംഗങ്ങളുടെ വീട്ടില്‍ നിന്ന് ഒരു മാലിന്യവും പുറത്തുപോകുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യും. പൈപ്പ് കമ്പോസ്റ്റിങ്, ചട്ടി കമ്പോസ്റ്റിങ്, ബയോഗ്യാസ് പ്ലാന്റ്, വിന്‍ഡ്രോ കമ്പോസ്റ്റിങ് എന്നിവയില്‍ ഏതെങ്കിലുമൊന്ന് ഏവരും തിരഞ്ഞെടുക്കണം. മാലിന്യസംസ്‌കരണത്തില്‍ വരുന്ന പ്രശ്‌നങ്ങള്‍, പ്ലാന്റിന്റെ അറ്റകുറ്റപ്പണികള്‍ എന്നിവയ്ക്ക് സേവനദാതാക്കളെയും ഐ.ആര്‍.ടി.സി. നിയോഗിക്കും. മാരാരിക്കുളത്ത് എണ്ണൂറും വളാഞ്ചേരിയില്‍ മുന്നൂറ്റി അമ്പതും വീടുകളുടെ ശുചിത്വകൂട്ടായ്മകള്‍ നിലവില്‍ വന്നുകഴിഞ്ഞു. ഈ രീതി സംസ്ഥാന വ്യാപകമാക്കാനായാല്‍ നാം നേരിടുന്ന മാലിന്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി മറ്റെങ്ങും അലയേണ്ടിവരില്ല.
ആറു ജില്ലകളിലായി 26 ഇടങ്ങളില്‍ 37 ഖരമാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ ഐ.ആര്‍.ടി.സി. പൂര്‍ത്തീകരിച്ചു. പാലക്കാട്ടും മലപ്പുറത്തും തൃശ്ശൂരുമായി ഏഴ് പ്ലാന്റുകള്‍ പൂര്‍ത്തിയായി. അറവുശാലാ മാലിന്യസംസ്‌കരണം, മാലിന്യങ്ങളുടെ ക്യാപ്പിങ്, ദ്രവമാലിന്യ സംസ്‌കരണത്തിലുടെ നനയ്ക്കാനുള്ള വെള്ളം തയ്യാറാക്കല്‍, കക്കൂസ് മാലിന്യസംസ്‌കരണം, സൗരോര്‍ജ പദ്ധതികള്‍ എന്നിവയും ഐ.ആര്‍.ടി.സി. നടപ്പാക്കിവരുന്നുണ്ട്.
സിറ്റി കമ്പോസ്റ്റിങ്ങില്‍ ഐ.ആര്‍.ടി.സി.ക്കു പുറമേ 'സോഷ്യോ ഇക്കണോമിക് യൂണിറ്റ്', 'സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ഡെവലപ്‌മെന്റ്' (സി.ഇ.ഡി) എന്നിവയും അംഗീകൃത ഏജന്‍സികളാണ്. ബയോഗ്യാസ് പ്ലാന്റിലാകട്ടെ, 'അനര്‍ട്ട്' അടക്കം ഒട്ടേറെ ഏജന്‍സികള്‍ രംഗത്തുണ്ട്. ഭൂരിപക്ഷവും മികച്ച സേവനമാണ് നല്‍കുന്നത്.
ആശങ്കയുയര്‍ത്തി 'ഇ-മാലിന്യ'ങ്ങളും
ഗുരുതരമായ ഭീഷണിയായി മാറുകയാണ് ഇലക്‌ട്രോണിക് മാലിന്യങ്ങള്‍ അഥവാ 'ഇ-മാലിന്യങ്ങള്‍'. ആഗോളതലത്തില്‍ പ്രതിവര്‍ഷം അഞ്ചുകോടി ടണ്‍ ഇ-മാലിന്യങ്ങളാണ് ഉണ്ടാകുന്നത്. ഇന്ത്യയിലും ഇതിന്റെ അളവ് ഉയരുകയാണ്. 2010ല്‍ 1,46,180 ടണ്‍ ഇ-മാലിന്യങ്ങള്‍ രാജ്യത്ത് ഉണ്ടായതായി പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. അറുപതുശതമാനവും ഉത്പാദിപ്പിക്കുന്നത് രാജ്യത്തെ അറുപത്തഞ്ച് നഗരങ്ങളാണ്. മുംബൈയ്ക്കാണ് ഒന്നാം സ്ഥാനം. ഡല്‍ഹിയും ബാംഗ്ലൂരുമാണ് അടുത്ത സ്ഥാനങ്ങളില്‍.
കൊച്ചിയും ഈ പട്ടികയില്‍ ഇടം നേടിക്കഴിഞ്ഞു. തിരുവനന്തപുരവും ഭീഷണിയില്‍ നിന്ന് മുക്തമല്ല.
കമ്പ്യൂട്ടര്‍, ടെലിവിഷന്‍, ടെലിഫോണ്‍ എന്നിവയുടെ ഉപയോഗശൂന്യമായ ഭാഗങ്ങളാണ് ഇ-മാലിന്യങ്ങളില്‍ അധികവും. ഇവ സുരക്ഷിതമായി സംസ്‌കരിക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്ന നിയമം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം 2008-ല്‍ കൊണ്ടുവന്നെങ്കിലും അതത്ര ഫലപ്രദമെന്നു പറഞ്ഞുകൂടാ.
കേരളത്തിലും ഇ-മാലിന്യസംസ്‌കരണ പദ്ധതികള്‍ കൊണ്ടുവരാന്‍ സര്‍ക്കാറും മലിനീകരണ നിയന്ത്രണ ബോര്‍ഡും ഒരുങ്ങുന്നുണ്ട്. ഇതിന്റെ ഭാഗമായി തിരുവനന്തപുരത്തും കൊച്ചി, കോഴിക്കോട് നഗരങ്ങളിലും ശില്പശാലകള്‍ നടന്നു. എല്ലാ ജില്ലകളിലും ഇ-മാലിന്യശേഖരണ കേന്ദ്രങ്ങള്‍ തുടങ്ങുമെന്ന് മലിനീകരണ നിയന്ത്രണ വകുപ്പുമന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ നിയമസഭയില്‍ അറിയിച്ചു. പൊതു-സ്വകാര്യമേഖലാ പങ്കാളിത്തത്തോടെ ഇ-മാലിന്യ സംസ്‌കരണ പദ്ധതികളും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പരിഗണനയിലുണ്ട്.
ഇ-മാലിന്യങ്ങളിലുള്ള രസം, ഈയം തുടങ്ങിയ ലോഹങ്ങള്‍ മറ്റു മാലിന്യങ്ങളുമായി ചേര്‍ന്ന് മാലിന്യസംഭരണ കേന്ദ്രങ്ങളില്‍ തള്ളുന്നത് രൂക്ഷമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. അവയെ വേര്‍തിരിച്ച്, പരിസ്ഥിതി സൗഹൃദപരമായി സംസ്‌കരിക്കാനുള്ള പദ്ധതികളാണ് വേണ്ടത്.